Sunday, October 4, 2009

നിനക്ക്........

ഒരു നീണ്ട ഇടവേളയുടെ മൌനത്തിനു ശേഷം നിനക്കു ഞാന്‍ എഴുതുന്നു. എന്‍റെ മൗനം എന്‍റെ നിസ്സഹായതയാണ് .എങ്കിലും നിന്നെ ഓര്‍ക്കാന്‍ പോലും സമയം കിട്ടാത്ത വിധം ഞാന്‍ തിരക്കലായിപ്പോയിരുന്നുവെന്നു എനിക്ക് കള്ളം പറയേണ്ടി വരുന്നു

തുരുമ്പിച്ച ജനലഴികള്‍കപ്പുറം ചിതറി വീണു കൊണ്ടിരിക്കുന്ന ചാറ്റല്‍ മഴയുടെ നൈര്‍മല്യം പോലും കാലം നമ്മളില്‍നിന്നു കവര്‍ന്നെടുതിരിക്കുന്നു.പക്ഷെ നമ്മള്‍ ഇത്രയൊന്നും കരുതിയിരുന്നില്ല .

നാഗരികതകള്‍ക്കും ഹൃദയങ്ങള്‍ക്കും അപ്പുറത്തെ വിശാലതയില്‍ നിന്ന് കൊണ്ട് നീയിതു വായിക്കുമ്പോള്‍ എന്നെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാവും അല്ലേ?


അവിടെ ക്യാമ്പസ്‌ വളപ്പില്‍ കൈകോര്‍ത്തു നടന്ന നമ്മളെ നിനക്കോര്‍ത്തെടുക്കാന്‍ സാധിക്കുന്നുണ്ടോ? ഒടുവില്‍ തനിച്ച് കോളേജ് ഇടനാഴിയിലൂടെ നടന്നുപോയ എന്നെ
നിനക്കോര്‍ത്തെടുക്കാന്‍ ആവുന്നുണ്ടോ ?

മനസിന്‍റെ വായിചെടുക്കാനാവാത്ത താളുകളില്‍ നിറഞ്ഞുനില്‍കുന്ന നിസ്സാരമെന്നു തോന്നിപ്പോകുന്ന ജീവിതത്തിന്‍റെ ഈരടികള്‍. കൂട്ടുച്ചങ്ങലകളാല്‍ ബന്ധിച്ച് എന്നും ഞാന്‍ അതിനെ ഒതുക്കി നിര്‍ത്താറുണ്ട്എങ്കിലും ചിലപ്പോഴൊക്കെ അണപൊട്ടിയൊഴുകുന്നു.

എന്തും തുറന്നു പറയുന്ന സാഹസികതയെക്കാള്‍ ഞാനേറെ ഇഷ്ടപ്പെട്ടിരുന്നത് ഒരു ആശയവും നല്‍കാത്ത കൊച്ചു പുഞ്ചിരി തന്നെയാണ് .ആ പുഞ്ചിരിയുടെ അകവും പുറവും ഇന്നു അന്ധകാരമായിരിക്കുന്നു. ഒരു പക്ഷെ എന്‍റെ അവസാന ശ്വാസം വരേയ്ക്കും
ഈ കൂരിരുട്ടില്‍ ഞാന്‍ ഉരുകി നില്ക്കും. നമ്മള്‍ ഒരുമിച്ച് ചിലവഴിച്ച നിമിഷങ്ങള്‍ നിനക്കൊര്‍മയുണ്ടോ ?ഇണക്കമായാലും പിണക്കമായാലും ആ നിമിഷങ്ങളെ നിന്നെക്കാള്‍ ഏറെ ഞാന്‍ സ്നേഹിച്ചിരുന്നു.

വിഷാദം മനസിനെയും ജ്വരം ശരീരത്തെയും കീഴ്പ്പെടുത്തിയ ഒരു ഡിസംബര്‍ രാവില്‍ മെഡിക്കല്‍ കോളേജില്‍ എന്‍റെ കട്ടിലിനരികെ നീ ഉറങ്ങാതെ കൂട്ടിരുന്നത് എനിക്കോര്‍മയുണ്ട്. കയ്ച്ചുപോയ എന്‍റെ നാവിലെക്ക് നീ വാങ്ങിയ ഓറഞ്ച് അല്ലികള്‍ മധുരം പൊഴിച്ചതും..
പുറത്തെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും എനിക്കായി മരുന്ന് മുഴുവന്‍ വാങ്ങിയ നീ ആ മാസത്തെ ഹോസ്റ്റല്‍ ഫീസ്‌ അടച്ചിരുന്നില്ല...

അക്ഷരങ്ങള്‍ നിരത്തി വാക്കുകള്‍ക്കു ജന്മം കൊടുക്കുമ്പോള്‍ എന്‍റെ വിരലുകള്‍ വല്ലാതെ വേദനിക്കുന്നു . മുറിയുമെന്നു തോന്നുന്നു . ഒരു പരീക്ഷാക്കാലത്ത് നിന്‍റെ അച്ഛന്‍റെ
ശവസംസ്ക്കാരം കഴിഞ്ഞ് കുന്നിന്‍ ചെരുവിലെ വീട്ടില്‍ നിന്നും യാത്ര പറഞ്ഞ്ഇറങ്ങുമ്പോള്‍
ഒരു തുള്ളി കണ്ണീരുപോലും പൊഴിക്കാതെ നീ അമര്‍ത്തിപ്പിടിച്ച അതേ വിരലുകള്‍...

മനസിന്‍റെ കടിഞ്ഞാണ്‍ വിട്ടുപോയ എന്‍റെ നിമിഷങ്ങലിലോന്നില്‍ നിന്‍റെ നെഞ്ചിലൊരു കനലെരിയിച്ചിരുന്നിരിക്കാം. പിന്നീടെപ്പോഴും ഞാന്‍ ഓടിയകന്നിരുന്നത് എന്നില്‍ തിളയ്ക്കുന്ന കടലിലേക്കായിരുന്നു.അവിടെ ആ കറുത്ത പാറക്കെട്ടുകളില്‍ തിരതല്ലി എന്നിലെ തിരമാലകള്‍ മരിച്ചു വീണാലും അതില്‍ നിന്നും നിര്‍ഗളിക്കുന്ന തണുത്ത കാറ്റിന്‍റെ മരവിപ്പ്‌ നിന്നെ കീഴ്പ്പെടുത്തരുതെന്നു ഞാന്‍ കൊതിച്ചിരുന്നു. അല്ലാതെ ...............

കാലത്തിന്‍റെ പുസ്തകത്തില്‍ പണ്ടേ എഴുതിച്ചേര്‍ത്ത ദുരന്തങ്ങളെ മുന്‍കൂട്ടി കാണാന്‍ ആര്‍ക്കുമെന്നപോലെ എനിക്കിനിയും കഴിഞ്ഞിട്ടില്ല . ജീവിതത്തിന്‍റെ വഴിമുട്ടിപ്പോകുന്ന വേളകളില്‍ അപ്രാപ്യമെന്നു തോന്നിപ്പോകുന്ന വഴികളിലൂടെ ഞാന്‍ നടന്നു .സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മാത്രം വിധിക്കപ്പെട്ട സുഹൃദ്‌വലയങ്ങളില്‍ ഞാന്‍ ഉരുകി നിന്നു . പിണങ്ങി നില്ക്കുന്ന രണ്ടു ധ്രൂവങ്ങളായി ജീവിതത്തിന്‍റെ രണ്ട്അറ്റങ്ങള്‍ നില്‍ക്കുമ്പോഴും
ഒന്നിച്ചു ചേര്‍ക്കാന്‍ കഴിയാതെ പോയ ഒരു സൗഹൃദത്തിനായി ഞാന്‍ ഓടി നടക്കുകയായിരുന്നു . കിതപ്പാരിയിട്ടില്ല ഇനിയും ....

പണ്ടത്തെപ്പോലെ നീയിപ്പോഴും പാടാരുണ്ടോ? വൈകുന്നേരങ്ങളില്‍ കുന്നിന്‍പുറത്ത്‌ കാറ്റേറ്റ് നില്‍ക്കാറുള്ള നമ്മളെ ഞാന്‍ ഓര്‍ത്തെടുക്കാറുണ്ട്. പാതി രാത്രി ജംഗ്ഷനില്‍ നിന്നും തട്ട് ദോശ കഴിച്ചു മടങ്ങുമ്പോള്‍ നീ പാടാറുള്ള ഗസല്‍ എനിക്കോര്‍മയുണ്ട് . നിലാവുള്ള രാത്രിയില്‍ ഞാനിപ്പോഴും നക്ഷത്രങ്ങളെ എണ്ണാരുണ്ട് . രാത്രി ബാസ്കറ്റ്‌ ബോള്‍ കോര്‍ട്ടില്‍ നിന്നു നമ്മള്‍ ഒരുമിച്ച് എണ്ണിയിരുന്നത് പോലെ ....

ഒരു മുറിയുടെ ഏകാന്തതയില്‍ ഇരുന്ന് ഞാന്‍ ഇതു എഴുതുമ്പോള്‍ കടല്‍ പോലെ എന്നില്‍ സ്നേഹം നിറയുന്നു.ഒറ്റപ്പെടല്‍ അതൊരു അനുഭവം തന്നെയാണ് .
" എഴാകാശങ്ങളും ഏഴു ഭൂമികളും
സ്വന്തമായുള്ള ദൈവം തനിച്ചാണ് .
മനസ്സില്‍ കടല്‍ പോലെ സ്നേഹം
നിറയുമ്പോള്‍ ഞാനും തനിച്ചാവുന്നു .
തനിച്ചാവുക എന്നാല്‍ ഈ
ലോകത്തിലെ ഏറ്റവും
കരുത്തനാവുക എന്നാണ് അര്‍ഥം "

ഒരിക്കല്‍ നിന്നില്‍ നിന്നു അപഹരിച്ച കടലാസുപെന്സിലിന്‍റെ അഗ്രത്തില്‍ ഒളിഞ്ഞിരിക്കുന്ന മണി നാദം എനിക്കെന്നും കൌതുകമാണ് . എവിടെയാണ് ഞാനത് എടുത്തു വച്ചത്‌ എന്നോര്‍മയില്ല .ഇടയ്ക്കെപ്പോഴോ ആ മണി നാദം കേള്‍ക്കുന്നതായി തോന്നാറുണ്ട് .പക്ഷെ കാതോര്‍ക്കുമ്പോള്‍ ഒന്നും കേള്‍ക്കാറില്ല.എന്‍റെ കയ്യില്‍ നിന്നും നീ വാങ്ങി സൂക്ഷിച്ച കവിതകള്‍ ഇപ്പോഴുമുണ്ടോ ?

വിരല്‍ മുറിഞ്ഞു രക്തം ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു .....

ഞാന്‍ നമ്മുടെ കോളേജില്‍ പോയിരുന്നു .നമ്മുടെ സൌഹൃദത്തിനു തണല്‍ വീശിയിരുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ പോലും ഇവിടെയില്ല .
പഴയ കാമ്പസിന്‍റെ അസ്ഥികൂടമായ ഇങ്ങോട്ട് നീയിനി വരണ്ടാ .

വിരല്‍ മുറിഞ്ഞ്ഒഴുകിയ രക്തം കട്ട പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു . സ്വപ്നങ്ങളുടെ നിറങ്ങളെല്ലാം കൂടിക്കലര്‍ന്നു കറുപ്പ് നിറമായതങ്ങനെ മായാതെ കിടക്കുന്നു . ഇനി എഴുതാന്‍ വയ്യ .ഒരിക്കലും പൂക്കാത്ത ഈ മരച്ചുവട്ടില്‍ നൊമ്പരങ്ങള്‍ ഉണര്‍ത്തിയ ഈരടികള്‍ മൂളി ഞാന്‍ ഉറങ്ങട്ടെ ..അതിന് മുന്‍പ്‌ ..മാപ്പ് ....എല്ലാറ്റിനും .......

എന്ന് സ്വന്തം .........

7 comments:

Anonymous said...

ithokke aa 'kuttikal'kkum kaanaan pattuo jithin?

Aswanth said...

superrrrrrrrrrrrrr

oolen said...

palathum ormipikununde ee post.onnam clasiil koode nadanna pavadakari kochine muthal oduvil yathra vanna kootukare vare.ninakente nanni jithin palathum ormipichathinu.oppam ninakenna mohipikunna thala vachakathinum.nannakununde ninte ezhuttukal oro post kazhiyumbolum .asamsakal

rakhi said...

rakhi
Nice jithin.keep on writing.u hav a bright future.all the best

arun said...

ivaru parayunnadu nokkanda...! iniyum mechapedanund.. ente buks onnum reffr cheyyarille?????????

Practical Dreamer said...

Highly charged nostalgic rendition...
a trifle too long

preethi said...

nice..........