Sunday, March 7, 2010

അഡിക്റ്റ്


വെയില്‍ നക്കിത്തുടച്ച ഒരു കുന്നിന്‍ മുകളില്‍ ആണെന്‍റെ വീട് .
കിണര്‍ താഴെ വയലില്‍ .

വെള്ളം കുടിക്കാന്‍ കുന്നിറങ്ങി താഴെ വയലില്‍ എത്തണം .
വെള്ളം കുടിച്ച് കുന്നു കയറി മുകളില്‍ എത്തുമ്പോഴേക്കും വീണ്ടും ദാഹിക്കും.

വീണ്ടും കുന്നിറങ്ങി താഴേക്ക്.......ദാഹമകറ്റി വീണ്ടും മുകളിലേക്ക് .......

പിന്നെയും ദാഹം ......കുന്നിറക്കം, ...കയറ്റം....പക്ഷെ ....
ദാഹം ...വീണ്ടും വീണ്ടും .....

വീണ്ടും കുന്നിറങ്ങി താഴേക്ക്......

എന്നിട്ടും നിങ്ങള്‍ പറയുന്നു ഞാന്‍ വെള്ളത്തിന്‌ അഡിക്റ്റ് ആണ് എന്ന്!!!

Saturday, December 5, 2009

സുമിത്ര













സുമിത്ര
എന്‍റെ കൂട്ടുകാരിയായിരുന്നു.
മറ്റു കുട്ടികള്‍ കിന്‍റെര്‍ ഗാര്ട്ടെനില്‍ ഇംഗ്ലീഷ് പഠിച്ചും സൈക്കിള്‍ ചവിട്ടിയും പന്തു കളിച്ചും വളര്‍ന്നപ്പോള്‍ ഞങ്ങള്‍ മണ്ണപ്പം ചുട്ടു കളിച്ചും കള്ളനും പോലീസും കളിച്ചും വളര്‍ന്നു.


സുമിത്ര എന്‍റെ കൂടുകാരിയായിരുന്നു..
സ്കൂളില്‍ ഞങ്ങള്‍ ബഷീറും ഉറൂബും കൊറിച്ചും ചങ്ങമ്പുഴയും ഇടശേരിയും കുടിച്ചും വിശപ്പും ദാഹവും തീര്‍ത്തു.വയല്‍ വരമ്പുകളില്‍ ഇടവപ്പാതി ഒരുമിച്ചു നനഞ്ഞു .


















സുമിത്ര എന്‍റെ കൂട്ടുകാരിയായിരുന്നു.
ഹൈ സ്കൂള്‍ വിട്ടു വന്നാല്‍ വീടിനുപുറകിലെ മാവിന്‍ ചുവട്ടിലിരുന്നുഞങ്ങള്‍ബയോളജിയും ചരിത്രവും പഠിച്ചു.ചെമ്പരത്തി പൂവിന്‍റെപരാഗണത്തെപ്പറ്റി പഠിച്ചുകൊണ്ടിരുന്ന ഒരു വെള്ളിയാഴ്ച സുമിത്ര
പെട്ടെന്ന്
വയറില്‍ കൈ വച്ച് മുന്നോട്ട് കുനിഞ്ഞിരുന്നു പറഞ്ഞു "നീ എനിക്കൊരു കഷണംതുണി താ" .എന്‍റെ പുതിയ കൈലി ഞാന്‍ നെടുകെ കീറി .

സുമിത്ര എന്‍റെ
കൂട്ടുകാരിയായിരുന്നു.
കോളേജില്‍ കൂട്ടുകാരെല്ലാം പ്രേമിക്കുകയും പ്രേമിക്കപ്പെടുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ ഒന്നിനും മെനക്കെടാതെ വെറുതെ നടന്നു.പ്രണയിക്കാന്‍ വേണ്ടി പ്രണയിക്കുന്നവരോട് പുച്ഛമായിരുന്നു .ജീവിതത്തിനു പ്രണയത്തേക്കാള്‍ ഹോര്‍മോണ്കളെക്കാള്‍ കറന്‍സികള്‍ ആണ് ആവശ്യമെന്ന് ഇരുപതു വര്‍ഷങ്ങള്‍
എന്നെയും അവളെയും പഠിപ്പിച്ചിരുന്നു.












സുമിത്ര
എന്‍റെ കൂടുകാരിയായിരുന്നു..

ഒരു മധ്യവേനലവധിക്ക് അവളുടെ കല്യാണം കഴിഞ്ഞു .
ഞാനന്ന് വീട്ടില്‍ പനിച്ചു കിടക്കുകയായിരുന്നു.

സുമിത്ര എന്‍റെ
കൂട്ടുകാരിയായിരുന്നു.
പത്തു വര്‍ഷങ്ങള്‍ക്കുശേഷം അവള്‍ എനിക്കെഴുതി "എനിക്കൊരിക്കലും ഒരു
നല്ല സഹ ധര്മിണിയാവാന്‍ കഴിയില്ല, കാരണം എന്‍റെ ഭര്‍ത്താവ് അധര്‍മങ്ങള്‍ മാത്രം എന്നോട് ചെയ്യുന്നു."ആ കത്ത് കിട്ടിയ ദിവസം ഞാന്‍ ഉറങ്ങിയില്ല കാരണം അന്ന് എന്‍റെ കല്യാണമായിരുന്നു


സുമിത്ര എന്‍റെ കൂട്ടുകാരിയായിരുന്നു.
മകളെയും തന്നെത്തന്നെയും അവള്‍ തീവണ്ടിക്കു കൊടുത്തു എന്ന് പിന്നീട് ഞാന്‍ പത്രത്തില്‍ വായിച്ചറിഞ്ഞു .അതേ തീവണ്ടിയിലായിരുന്നു ഞാന്‍ ഭാര്യയുമൊത്ത് ഹണിമൂണിന് പോയത്.








സുമിത്ര
എന്‍റെ
കൂട്ടുകാരിയായിരുന്നു.
പിന്നീടെനിക്ക് കൂട്ടുകാരികളോ കൂട്ടുകാരന്മാരോ ഉണ്ടായിട്ടില്ല .



Tuesday, November 10, 2009

പ്രണയ പാഠങ്ങള്‍


ലോകത്തിലെ ഏറ്റവും വലിയ നീര്‍ തടാകം
നിന്‍റെ നീള്‍ മിഴിളാണെന്നും,
ഏറ്റവും മഴ പെയ്യുന്നിടം
നിന്‍റെ കവിള്‍ തടങ്ങളി ലാണെന്നും,
ഏറ്റവും തണുപ്പ്‌ ഉള്ളത്‌
നിന്‍റെ ചുണ്ടുകള്‍ക്കാണെന്നും
ഞാന്‍ പറഞ്ഞിട്ടുണ്ട് .
പക്ഷെ ,
ലോകത്തിലെ ഏറ്റവും വലിയ തരിശുനിലം
നിന്‍റെ മനസാണെന്ന്
ഞാന്‍ അറിഞ്ഞതേയില്ല .....

എന്‍റെ ഉള്ളിലൊരു കടലുണ്ടെന്നു പറയാന്‍
നിന്നെ പിന്നീട് കണ്ടതുമില്ലല്ലോ .......

Wednesday, October 14, 2009

പരിണാമം


ബാല്യം

പകലിലോര്‍മയില്‍
തെളിഞ്ഞ താരമായി
പുനര്‍ജനിക്കുന്നു ,
മധുരമൂറുന്ന
കുറുക്കന്‍ മാങ്ങകള്‍ .

നിറങ്ങള്‍ ചാലിച്ച
കവിളിതലുകള്‍

ഇവിടെയെങ്കിലും.


പ്രിയ സഖി,
നിന്‍റെ

കുറുമ്പ് മാത്രമേ
ദഹിക്കാതിപ്പോഴും
തിളച്ചിരിപ്പുള്ളൂ
...








കൗമാരം

പ്രണയിനി
നിന്‍റെ
കവിളില്‍ മൊട്ടിട്ട
ചിരിമലരുകള്‍
കുളിരായ്‌ പെയ്യുന്നേന്‍
ഹൃദയ മധ്യത്തില്‍.

ഹൃദയതീരത്തെ
ഒഴിഞ്ഞ കോണിലൂട-
കലെ സായാഹ്ന
ചെമപ്പ് കാണുമ്പോള്‍.








ഗാര്‍ഹസ്ഥ്യം


പ്രിയതമേ

നിന്‍റെ
കറുത്ത പൂമുഖം
വിടര്‍ന്നു കാണുവാന്‍
കൊതിവരുന്നുള്ളില്‍
ഒരിക്കലെങ്കിലു -
മിനിയൊരിക്കലും
സഹിക്കാനാവില്ല
കനലിലൂതിയ
നെരിപ്പോടിന്‍ താപം .










വാര്‍ദ്ധക്യം

ഹൃദയ ഭിത്തിയി -
ലൊരു മഴത്തുള്ളി
ഹിമ ദൃടതയാല്‍
തറഞ്ഞു കേറുമ്പോള്‍
പ്രിയ സഖി എന്‍റെ
കറുത്ത നോട്ടങ്ങള്‍
കനലിലാക്കാതെ
സഹിപ്പതെങ്ങനെ .





ഏകാന്തം

പ്രിയ സഖി
നിന്‍റെ
പഴയ പാട്ടിലെ
വളകിലുക്കങ്ങള്‍
അരിച്ചു കേറുന്നെന്‍
തലച്ചോറാകെയും.
പൊടുന്നനെയെന്‍റെ
ഹൃദയമാകെയും
തിരകള്‍ നീങ്ങിയ
കട ലിടുക്കിലൂ -
ടൊഴുകി നീങ്ങുന്നു .

Sunday, October 4, 2009

നിനക്ക്........













ഒരു നീണ്ട ഇടവേളയുടെ മൌനത്തിനു ശേഷം നിനക്കു ഞാന്‍ എഴുതുന്നു. എന്‍റെ മൗനം എന്‍റെ നിസ്സഹായതയാണ് .എങ്കിലും നിന്നെ ഓര്‍ക്കാന്‍ പോലും സമയം കിട്ടാത്ത വിധം ഞാന്‍ തിരക്കലായിപ്പോയിരുന്നുവെന്നു എനിക്ക് കള്ളം പറയേണ്ടി വരുന്നു

തുരുമ്പിച്ച ജനലഴികള്‍കപ്പുറം ചിതറി വീണു കൊണ്ടിരിക്കുന്ന ചാറ്റല്‍ മഴയുടെ നൈര്‍മല്യം പോലും കാലം നമ്മളില്‍നിന്നു കവര്‍ന്നെടുതിരിക്കുന്നു.പക്ഷെ നമ്മള്‍ ഇത്രയൊന്നും കരുതിയിരുന്നില്ല .

നാഗരികതകള്‍ക്കും ഹൃദയങ്ങള്‍ക്കും അപ്പുറത്തെ വിശാലതയില്‍ നിന്ന് കൊണ്ട് നീയിതു വായിക്കുമ്പോള്‍ എന്നെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാവും അല്ലേ?


അവിടെ ക്യാമ്പസ്‌ വളപ്പില്‍ കൈകോര്‍ത്തു നടന്ന നമ്മളെ നിനക്കോര്‍ത്തെടുക്കാന്‍ സാധിക്കുന്നുണ്ടോ? ഒടുവില്‍ തനിച്ച് കോളേജ് ഇടനാഴിയിലൂടെ നടന്നുപോയ എന്നെ
നിനക്കോര്‍ത്തെടുക്കാന്‍ ആവുന്നുണ്ടോ ?

മനസിന്‍റെ വായിചെടുക്കാനാവാത്ത താളുകളില്‍ നിറഞ്ഞുനില്‍കുന്ന നിസ്സാരമെന്നു തോന്നിപ്പോകുന്ന ജീവിതത്തിന്‍റെ ഈരടികള്‍. കൂട്ടുച്ചങ്ങലകളാല്‍ ബന്ധിച്ച് എന്നും ഞാന്‍ അതിനെ ഒതുക്കി നിര്‍ത്താറുണ്ട്എങ്കിലും ചിലപ്പോഴൊക്കെ അണപൊട്ടിയൊഴുകുന്നു.

എന്തും തുറന്നു പറയുന്ന സാഹസികതയെക്കാള്‍ ഞാനേറെ ഇഷ്ടപ്പെട്ടിരുന്നത് ഒരു ആശയവും നല്‍കാത്ത കൊച്ചു പുഞ്ചിരി തന്നെയാണ് .ആ പുഞ്ചിരിയുടെ അകവും പുറവും ഇന്നു അന്ധകാരമായിരിക്കുന്നു. ഒരു പക്ഷെ എന്‍റെ അവസാന ശ്വാസം വരേയ്ക്കും
ഈ കൂരിരുട്ടില്‍ ഞാന്‍ ഉരുകി നില്ക്കും. നമ്മള്‍ ഒരുമിച്ച് ചിലവഴിച്ച നിമിഷങ്ങള്‍ നിനക്കൊര്‍മയുണ്ടോ ?ഇണക്കമായാലും പിണക്കമായാലും ആ നിമിഷങ്ങളെ നിന്നെക്കാള്‍ ഏറെ ഞാന്‍ സ്നേഹിച്ചിരുന്നു.

വിഷാദം മനസിനെയും ജ്വരം ശരീരത്തെയും കീഴ്പ്പെടുത്തിയ ഒരു ഡിസംബര്‍ രാവില്‍ മെഡിക്കല്‍ കോളേജില്‍ എന്‍റെ കട്ടിലിനരികെ നീ ഉറങ്ങാതെ കൂട്ടിരുന്നത് എനിക്കോര്‍മയുണ്ട്. കയ്ച്ചുപോയ എന്‍റെ നാവിലെക്ക് നീ വാങ്ങിയ ഓറഞ്ച് അല്ലികള്‍ മധുരം പൊഴിച്ചതും..
പുറത്തെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും എനിക്കായി മരുന്ന് മുഴുവന്‍ വാങ്ങിയ നീ ആ മാസത്തെ ഹോസ്റ്റല്‍ ഫീസ്‌ അടച്ചിരുന്നില്ല...

അക്ഷരങ്ങള്‍ നിരത്തി വാക്കുകള്‍ക്കു ജന്മം കൊടുക്കുമ്പോള്‍ എന്‍റെ വിരലുകള്‍ വല്ലാതെ വേദനിക്കുന്നു . മുറിയുമെന്നു തോന്നുന്നു . ഒരു പരീക്ഷാക്കാലത്ത് നിന്‍റെ അച്ഛന്‍റെ
ശവസംസ്ക്കാരം കഴിഞ്ഞ് കുന്നിന്‍ ചെരുവിലെ വീട്ടില്‍ നിന്നും യാത്ര പറഞ്ഞ്ഇറങ്ങുമ്പോള്‍
ഒരു തുള്ളി കണ്ണീരുപോലും പൊഴിക്കാതെ നീ അമര്‍ത്തിപ്പിടിച്ച അതേ വിരലുകള്‍...

മനസിന്‍റെ കടിഞ്ഞാണ്‍ വിട്ടുപോയ എന്‍റെ നിമിഷങ്ങലിലോന്നില്‍ നിന്‍റെ നെഞ്ചിലൊരു കനലെരിയിച്ചിരുന്നിരിക്കാം. പിന്നീടെപ്പോഴും ഞാന്‍ ഓടിയകന്നിരുന്നത് എന്നില്‍ തിളയ്ക്കുന്ന കടലിലേക്കായിരുന്നു.അവിടെ ആ കറുത്ത പാറക്കെട്ടുകളില്‍ തിരതല്ലി എന്നിലെ തിരമാലകള്‍ മരിച്ചു വീണാലും അതില്‍ നിന്നും നിര്‍ഗളിക്കുന്ന തണുത്ത കാറ്റിന്‍റെ മരവിപ്പ്‌ നിന്നെ കീഴ്പ്പെടുത്തരുതെന്നു ഞാന്‍ കൊതിച്ചിരുന്നു. അല്ലാതെ ...............

കാലത്തിന്‍റെ പുസ്തകത്തില്‍ പണ്ടേ എഴുതിച്ചേര്‍ത്ത ദുരന്തങ്ങളെ മുന്‍കൂട്ടി കാണാന്‍ ആര്‍ക്കുമെന്നപോലെ എനിക്കിനിയും കഴിഞ്ഞിട്ടില്ല . ജീവിതത്തിന്‍റെ വഴിമുട്ടിപ്പോകുന്ന വേളകളില്‍ അപ്രാപ്യമെന്നു തോന്നിപ്പോകുന്ന വഴികളിലൂടെ ഞാന്‍ നടന്നു .സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മാത്രം വിധിക്കപ്പെട്ട സുഹൃദ്‌വലയങ്ങളില്‍ ഞാന്‍ ഉരുകി നിന്നു . പിണങ്ങി നില്ക്കുന്ന രണ്ടു ധ്രൂവങ്ങളായി ജീവിതത്തിന്‍റെ രണ്ട്അറ്റങ്ങള്‍ നില്‍ക്കുമ്പോഴും
ഒന്നിച്ചു ചേര്‍ക്കാന്‍ കഴിയാതെ പോയ ഒരു സൗഹൃദത്തിനായി ഞാന്‍ ഓടി നടക്കുകയായിരുന്നു . കിതപ്പാരിയിട്ടില്ല ഇനിയും ....

പണ്ടത്തെപ്പോലെ നീയിപ്പോഴും പാടാരുണ്ടോ? വൈകുന്നേരങ്ങളില്‍ കുന്നിന്‍പുറത്ത്‌ കാറ്റേറ്റ് നില്‍ക്കാറുള്ള നമ്മളെ ഞാന്‍ ഓര്‍ത്തെടുക്കാറുണ്ട്. പാതി രാത്രി ജംഗ്ഷനില്‍ നിന്നും തട്ട് ദോശ കഴിച്ചു മടങ്ങുമ്പോള്‍ നീ പാടാറുള്ള ഗസല്‍ എനിക്കോര്‍മയുണ്ട് . നിലാവുള്ള രാത്രിയില്‍ ഞാനിപ്പോഴും നക്ഷത്രങ്ങളെ എണ്ണാരുണ്ട് . രാത്രി ബാസ്കറ്റ്‌ ബോള്‍ കോര്‍ട്ടില്‍ നിന്നു നമ്മള്‍ ഒരുമിച്ച് എണ്ണിയിരുന്നത് പോലെ ....

ഒരു മുറിയുടെ ഏകാന്തതയില്‍ ഇരുന്ന് ഞാന്‍ ഇതു എഴുതുമ്പോള്‍ കടല്‍ പോലെ എന്നില്‍ സ്നേഹം നിറയുന്നു.ഒറ്റപ്പെടല്‍ അതൊരു അനുഭവം തന്നെയാണ് .
" എഴാകാശങ്ങളും ഏഴു ഭൂമികളും
സ്വന്തമായുള്ള ദൈവം തനിച്ചാണ് .
മനസ്സില്‍ കടല്‍ പോലെ സ്നേഹം
നിറയുമ്പോള്‍ ഞാനും തനിച്ചാവുന്നു .
തനിച്ചാവുക എന്നാല്‍ ഈ
ലോകത്തിലെ ഏറ്റവും
കരുത്തനാവുക എന്നാണ് അര്‍ഥം "

ഒരിക്കല്‍ നിന്നില്‍ നിന്നു അപഹരിച്ച കടലാസുപെന്സിലിന്‍റെ അഗ്രത്തില്‍ ഒളിഞ്ഞിരിക്കുന്ന മണി നാദം എനിക്കെന്നും കൌതുകമാണ് . എവിടെയാണ് ഞാനത് എടുത്തു വച്ചത്‌ എന്നോര്‍മയില്ല .ഇടയ്ക്കെപ്പോഴോ ആ മണി നാദം കേള്‍ക്കുന്നതായി തോന്നാറുണ്ട് .പക്ഷെ കാതോര്‍ക്കുമ്പോള്‍ ഒന്നും കേള്‍ക്കാറില്ല.എന്‍റെ കയ്യില്‍ നിന്നും നീ വാങ്ങി സൂക്ഷിച്ച കവിതകള്‍ ഇപ്പോഴുമുണ്ടോ ?

വിരല്‍ മുറിഞ്ഞു രക്തം ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു .....

ഞാന്‍ നമ്മുടെ കോളേജില്‍ പോയിരുന്നു .നമ്മുടെ സൌഹൃദത്തിനു തണല്‍ വീശിയിരുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ പോലും ഇവിടെയില്ല .
പഴയ കാമ്പസിന്‍റെ അസ്ഥികൂടമായ ഇങ്ങോട്ട് നീയിനി വരണ്ടാ .

വിരല്‍ മുറിഞ്ഞ്ഒഴുകിയ രക്തം കട്ട പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു . സ്വപ്നങ്ങളുടെ നിറങ്ങളെല്ലാം കൂടിക്കലര്‍ന്നു കറുപ്പ് നിറമായതങ്ങനെ മായാതെ കിടക്കുന്നു . ഇനി എഴുതാന്‍ വയ്യ .ഒരിക്കലും പൂക്കാത്ത ഈ മരച്ചുവട്ടില്‍ നൊമ്പരങ്ങള്‍ ഉണര്‍ത്തിയ ഈരടികള്‍ മൂളി ഞാന്‍ ഉറങ്ങട്ടെ ..അതിന് മുന്‍പ്‌ ..മാപ്പ് ....എല്ലാറ്റിനും .......

എന്ന് സ്വന്തം .........

Thursday, October 1, 2009

മുന്‍‌കൂര്‍ ജാമ്യം അഥവാ ആമുഖം
















മറന്നു തുടങ്ങിയെങ്കിലും
എന്നെയിന്നും കൊതിപ്പിക്കുന്നത്
വീട്ടിലേക്കുള്ള വഴികളാണ് ....

വീണുകിട്ടുന്ന അവധി ദിവസങ്ങളില്‍

ഒരു വഴിപാടു പോലെ നാട്ടിലേക്കുള്ള യാത്രയില്‍

ആ ഭംഗി ആസ്വദിക്കാന്‍ എവിടെ നേരം....

പണ്ട് ആ ഭംഗി നോക്കി നിന്ന്
എന്നും അവസാന മണി മുഴങ്ങുമ്പോള്‍ ആയിരുന്നു ക്ലാസ്സില്‍ എത്തിയിരുന്നത്.
ഓര്‍മ്മകള്‍ ഉണങ്ങിയിട്ടില്ലാത്ത ആ വഴികളിലൂടെ ഒരിക്കല്‍ കൂടി നടക്കുകയാണ് ഞാന്‍ .....
കുട തിരിച്ച് കുപ്പായം നനച്ച് .....

വേനപ്പച്ച അപ്പൂപ്പന്‍താടി പൂക്കുന്ന ചെടിയുടെ പേരാണ്.

അതിന്‍റെ തണ്ട് ഉപയോഗിച്ചായിരുന്നു ഞങ്ങള്‍ സ്ലേറ്റ്‌ മാച്ചിരുന്നത്.

ഓര്‍മ്മകള്‍ അപ്പൂപ്പന്‍താടി പോലെ പറന്നു കളിക്കുന്നു ......

ദുരിതങ്ങളുടെ ഈ വേനലില്‍
അവ ആശ്വാസത്തിന്‍ പച്ചപ്പ്‌ പകരുന്നു ....
ടീച്ചറുടെ മേശവലിപ്പില്‍ നിന്നും എടുത്തുകൊടുത്ത കളര്‍ ചോക്കിനു പകരം

വേനപ്പച്ച സമ്മാനിക്കാറുള്ള കൂട്ടുകാരിയുടെ പേരു പോലും മറന്നുപോയിരിക്കുന്നു .....

അപ്പൂപ്പന്‍ താടി പൂത്തുലഞ്ഞു നില്ക്കുന്ന വേനപ്പച്ചയുടെ ചിത്രം
പ്രശൊഭ് മഠത്തില്‍ എന്ന സുഹൃത്ത് പകര്‍ത്തിയതാണ് .
പ്രശോഭേട്ടന് നന്ദി .

വയനാട്ടില്‍ കുപ്പിച്ചില്ല് നട്ടാലും മൂന്നാം നാള്‍ മുളക്കുമെന്നാണ്.

ഈ വരികള്‍ മുളക്കുമേന്നോ
അതിശയകരമായി വിരിയുമെന്നോ എനിക്കുറപ്പില്ല !


എങ്കിലും

വെറുതെ വിത്തെറിയുകയാണ് ഞാന്‍ ....

കാഴ്ചകള്‍ പൊട്ടി ചിതറിയോടിയ വഴികളില്‍ നിന്ന്

അക്ഷരങ്ങള്‍ കൊണ്ട് കുരുക്കിയെടുത്ത

ചില വാക്കുകള്‍ ഇവിടെ അടുക്കി വക്കുകയാണ് .....

പ്രവേശിച്ചാലും ..........