
സുമിത്ര എന്റെ കൂട്ടുകാരിയായിരുന്നു.
മറ്റു കുട്ടികള്‍ കിന്റെര്‍ ഗാര്ട്ടെനില് ഇംഗ്ലീഷ് പഠിച്ചും സൈക്കിള്‍ ചവിട്ടിയും പന്തു കളിച്ചും വളര്‍ന്നപ്പോള്‍ ഞങ്ങള്‍ മണ്ണപ്പം ചുട്ടു കളിച്ചും കള്ളനും പോലീസും കളിച്ചും വളര്‍ന്നു.
സുമിത്ര എന്റെ കൂടുകാരിയായിരുന്നു..
സ്കൂളില്‍ ഞങ്ങള്‍ ബഷീറും ഉറൂബും കൊറിച്ചും ചങ്ങമ്പുഴയും ഇടശേരിയും കുടിച്ചും വിശപ്പും ദാഹവും തീര്‍ത്തു.വയല്‍ വരമ്പുകളില്‍ ഇടവപ്പാതി ഒരുമിച്ചു നനഞ്ഞു .

സുമിത്ര എന്റെ കൂട്ടുകാരിയായിരുന്നു.
ഹൈ സ്കൂള്‍ വിട്ടു വന്നാല്‍ വീടിനുപുറകിലെ മാവിന് ചുവട്ടിലിരുന്നുഞങ്ങള്ബയോളജിയും ചരിത്രവും പഠിച്ചു.ചെമ്പരത്തി പൂവിന്റെപരാഗണത്തെപ്പറ്റി പഠിച്ചുകൊണ്ടിരുന്ന ഒരു വെള്ളിയാഴ്ച സുമിത്ര
പെട്ടെന്ന് വയറില്‍ കൈ വച്ച് മുന്നോട്ട് കുനിഞ്ഞിരുന്നു പറഞ്ഞു "നീ എനിക്കൊരു കഷണംതുണി താ" .എന്റെ പുതിയ കൈലി ഞാന്‍ നെടുകെ കീറി .
സുമിത്ര എന്റെ കൂട്ടുകാരിയായിരുന്നു.
കോളേജില്‍ കൂട്ടുകാരെല്ലാം പ്രേമിക്കുകയും പ്രേമിക്കപ്പെടുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ ഒന്നിനും മെനക്കെടാതെ വെറുതെ നടന്നു.പ്രണയിക്കാന്‍ വേണ്ടി പ്രണയിക്കുന്നവരോട് പുച്ഛമായിരുന്നു .ജീവിതത്തിനു പ്രണയത്തേക്കാള്‍ ഹോര്മോണ്കളെക്കാള് കറന്‍സികള്‍ ആണ് ആവശ്യമെന്ന് ഇരുപതു വര്‍ഷങ്ങള്‍
എന്നെയും അവളെയും പഠിപ്പിച്ചിരുന്നു.
സുമിത്ര എന്റെ കൂടുകാരിയായിരുന്നു..
ഒരു മധ്യവേനലവധിക്ക് അവളുടെ കല്യാണം കഴിഞ്ഞു .
ഞാനന്ന് വീട്ടില്‍ പനിച്ചു കിടക്കുകയായിരുന്നു.
സുമിത്ര എന്റെ കൂട്ടുകാരിയായിരുന്നു.
പത്തു വര്‍ഷങ്ങള്‍ക്കുശേഷം അവള് എനിക്കെഴുതി "എനിക്കൊരിക്കലും ഒരു
നല്ല സഹ ധര്മിണിയാവാന് കഴിയില്ല, കാരണം എന്റെ ഭര്‍ത്താവ് അധര്മങ്ങള് മാത്രം എന്നോട് ചെയ്യുന്നു."ആ കത്ത് കിട്ടിയ ദിവസം ഞാന്‍ ഉറങ്ങിയില്ല കാരണം അന്ന് എന്റെ കല്യാണമായിരുന്നു
സുമിത്ര എന്റെ കൂട്ടുകാരിയായിരുന്നു.
മകളെയും തന്നെത്തന്നെയും അവള് തീവണ്ടിക്കു കൊടുത്തു എന്ന് പിന്നീട് ഞാന്‍ പത്രത്തില്‍ വായിച്ചറിഞ്ഞു .അതേ തീവണ്ടിയിലായിരുന്നു ഞാന്‍ ഭാര്യയുമൊത്ത് ഹണിമൂണിന് പോയത്.
മകളെയും തന്നെത്തന്നെയും അവള് തീവണ്ടിക്കു കൊടുത്തു എന്ന് പിന്നീട് ഞാന്‍ പത്രത്തില്‍ വായിച്ചറിഞ്ഞു .അതേ തീവണ്ടിയിലായിരുന്നു ഞാന്‍ ഭാര്യയുമൊത്ത് ഹണിമൂണിന് പോയത്.

സുമിത്ര എന്റെ കൂട്ടുകാരിയായിരുന്നു.
പിന്നീടെനിക്ക് കൂട്ടുകാരികളോ കൂട്ടുകാരന്മാരോ ഉണ്ടായിട്ടില്ല .